നിങ്ങളുടെ അഭിപ്രായങ്ങളാണ് എഴുത്തുകാർക്ക് പ്രചോദനവും സന്തോഷവും, ഏറെ വിലപ്പെട്ടതും....
മന്ത് പുരാണം

മന്ത് പുരാണം

                                    വളരെ കാലം മുമ്പ്  നടന്ന സംഭവമാണ്  
       രാത്രി ഏറെ ചെന്ന സമയം സംശയാസ്പദമായ രീതിയിൽ വഴിയിൽ കണ്ട  യാത്രക്കാരനെ  പോലീസ് പിടി കൂടി  ചോദ്യം ചെയ്തു. "എവിടെയാടാ  നിന്റെ  വീട്? "

 "ചേർത്തലയാണേ!  ഏമാനേ!"

 "ഫ!!! കള്ളം പറയുന്നോടാ റാസ്കൽ"  യാത്രക്കാരന്റെ  കാലിലേക്ക് ടോർച്ച് ലൈറ്റ്  അടിച്ച് നോക്കിക്കൊണ്ട്  പോലീസ്  അലറി. "ചേർത്തലക്കാരന്റെ കാലിൽ എന്തേടാ മന്തില്ലാത്തത്.."
അന്ന് അതായിരുന്നു  അവസ്ഥ. ചേർത്തല, ആലപ്പുഴ, പൊന്നാനി, തുടങ്ങിയ സ്ഥലങ്ങളിലെ നിവാസികൾക്ക്  ആംഗ്രേസ്സി ഭാഷയിൽ പറഞ്ഞാൽ മന്ത്  മസ്റ്റ് ആയിരുന്നു. കാലിൽ അല്ലെങ്കിൽ കയ്യിൽ  അഥവാ വൃഷണത്തിൽ  ഇതിലേതെങ്കിലും ഒന്നിൽ മന്ത് ഉണ്ടായിരിക്കും.അവസാനം പറഞ്ഞ ഇനം അവയവത്തിൽ മന്ത് പിടിച്ചവർ (ഹയ്ഡ്രോസൽ) സൈക്കിളിൽ ഇരിക്കുന്നതിന് വലിയ സീറ്റ് വേണമായിരുന്നു.
 എന്റെ ഉമ്മുമ്മാക്ക് മന്തുണ്ടായിരുന്നു അവരുടെ അനിയത്തിമാർക്കെല്ലാം രണ്ട് കാലിലും മന്തുണ്ടായിരുന്നു.  എന്റെ ഒരു ഇളയമ്മക്കും ഉണ്ടായിരുന്നു മന്ത്. ഞാൻ പറഞ്ഞുവല്ലോ മന്ത് പഴയ തലമുറയിൽ വ്യാപകമായിരുന്നു. ഞങ്ങളുടെ തലമുറ  ആയപ്പോഴേക്കും മന്ത് അപൂർവമായി.
       മന്തിനെ  ഞങ്ങൾ വട്ടപ്പള്ളിക്കാർ  "പാലാ  സെൻട്രൽ ബാങ്ക് " എന്ന് വട്ടപ്പേരിട്ട് വിളിച്ചു. ആലപ്പുഴ നഗരത്തിലെ വട്ടപ്പള്ളിക്കാർക്ക് ഏതിനും വട്ടപ്പേരുണ്ടായിരുന്നല്ലോ!.എന്ത് കൊണ്ടാണ് ആ പേരിൽ മന്തിനെ വിളിക്കുന്നതെന്നറിയില്ല.   പൊട്ടി പോയ ഒരു ബാങ്കാണ് പാലാ സെൻട്രൽ  ബാങ്ക് എന്ന് മാത്രം അറിയാം  .  സ്ത്രീ പുരുഷ ഭേദമില്ലാതെ ഭൂരി പക്ഷം പേരിലും  പണ്ട് മന്തുണ്ടായിരുന്നതിനാൽ മന്തിനെ സംബന്ധിച്ച് പല കഥകളും പഴഞ്ചൊല്ലുകളും പുറത്ത് വന്നിരുന്നു.  പുതു മണവാളന്റെ കാലിൽ മന്തുണ്ടായിരുന്നു  എന്നറിഞ്ഞ്  മന്ദാക്രാന്താ വൃത്തത്തിൽ  വിമ്മിക്കൊണ്ടിരുന്ന മണവാട്ടിയുടെ മുമ്പിൽ നിമിഷ കവിയായിരുന്ന  വരൻ കളകാഞ്ചി  വൃത്തത്തിൽ നീട്ടി പാടിയത്രേ!
"മന്തനാണെന്ന്  ചിന്തിക്ക വേണ്ടെടീ
മന്തെനിക്കീശ്വരൻ തന്നതാടീ!"
 മന്തനും മന്തിയും കാലിലെ മന്ത് കാണാതിരിക്കാൻ മുണ്ട് താഴ്ത്തി ഉടുക്കും. പണ്ട്  ബെൽ ബോട്ടം പാന്റ് വന്നപ്പോൾ മന്തന്മാർ പലരും അത് ധരിക്കാൻ കാരണം  മന്ത് മറക്കാൻ  സാധിക്കുമെന്നതിനാലാണെന്ന്   പൊതുവേ സംസാരം ഉണ്ടായി. അത് കൊണ്ട് തന്നെ ബെൽ ബോട്ടം പാന്റിനെ 1970 കളിൽ ആനക്കാലൻ പാന്റ് എന്നും വിളിച്ചിരുന്നു.
രണ്ട് കാലിലും മന്തുള്ളവൻ ഒറ്റക്കാലിൽ മന്തുള്ളവനെ  കളിയാക്കുന്നത് പോലെയാണ് സ്വന്തം കുറ്റം മറച്ച് വെച്ച് അപരന്റെ കുറ്റം ചൂണ്ടിക്കാണിക്കുന്നതെന്ന പരിഹാസം നിയമ സഭയിലും പഴംചൊല്ലായപ്പോൾ  മന്തെന്നറിയാത്ത ഇളം തലമുറ  എന്താണ്  മന്തെന്ന്  പകച്ചു.പെണ്ണ് കാണാൻ വരുമ്പോൾ സുന്ദരിയായ  പെണ്ണ് മന്തിയാണെങ്കിൽ അവൾ കുളത്തിൽ വെള്ളം കോരാൻ പോകുമ്പോഴാണ് ചെക്കനെ കാണിച്ചിരുന്നത്  എന്ന് പറയപ്പെടുന്നു.  കാലിലെ  മന്ത് വെള്ളത്തിൽ താഴ്ത്തി അവൾക്ക് തന്റെ ന്യൂനത മറച്ച് വെക്കാൻ സാധിച്ചുവത്രേ!
ആലപ്പുഴക്ക് വടക്ക് മണ്ണഞ്ചേരി എന്ന ഗ്രാമത്തിലെ  ഒരു കല്യാണ പന്തലാണ് രംഗം. മേശ കല്യാണ വീട്ടിൽ  എത്തുന്നതിനു മുമ്പുള്ള കാലഘട്ടത്തിൽ  നിലത്ത് വരി വരിയായി പായിലിരുന്ന് സദ്യ കഴിക്കുകയാണ് പതിവ്.  അങ്ങിനെ നീളമുള്ള ഒരു വരിയുടെ ഇങ്ങേ അറ്റത്തിരുന്ന  വരന്റെ കൂട്ടത്തിലെ ഒരു സരസൻ അങ്ങേ അറ്റത്ത് നോക്കിയപ്പോൾ കയ്യിൽ മന്തു ബാധിച്ച ഒരാൾ ഇലയിൽ നിന്ന്   ആഹാരം വാരികഴിക്കുന്ന  കാഴ്ച കണ്ട്  മുമ്പോട്ട് ആഞ്ഞ്    " ആരാടാ ! കാല് കൊണ്ട് ചോറ് ഉണ്ണുന്നത്?"  എന്ന് ഉച്ചത്തിൽ ചോദിച്ചിട്ട് പുറകോട്ട് വലിഞ്ഞിരുന്നു. പെൺ വീട്ടുകാരും ചെക്കൻ വീട്ടുകാരും തമ്മിൽ കൂട്ട അടിയായിരുന്നു  ബാക്കി പത്രം. കാരണം കയ്യിൽ മന്തുണ്ടായിരുന്ന ആൾ  പെണ്ണിന്റെ അമ്മാവനായിരുന്നു. പെണ്ണിന്റെ അമ്മാവനെ പരിഹസിച്ചു എന്നതായിരുന്നു  വഴക്കിന് കാരണം.
കാലം എത്രയോ കഴിഞ്ഞു. ഇന്ന് ആലപ്പുഴയിലും ചേർത്തലയിലും പൊന്നാനിയിലും മന്തില്ല.  മന്തിനെ ഓടിച്ച് കളയാൻ നമ്മുടെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിരിക്കുന്നു.

കാത്തിരിപ്പ്

 
ചുംബിച്ചു കടന്നുപോകും തിരയോട്
തീരം ചോദിച്ചത്രെ
ക്ഷണികസന്ദർശനം
എന്റെ മനസിന്നു
പോറലേല്പിക്കാൻ മാത്രം
നേർത്തൊരോർമ്മയായ്
കടന്നുപോകുന്നതെന്തേ...
 
കാലങ്ങളോളം കാത്തിരുന്നിട്ടും
ഒരു നിമിഷമെങ്കിലും
മാറിൽ ചേർത്തുറക്കാൻ
കൊതിച്ചീടുന്നെന്റെ
ഹൃദയസാഫല്യം തീരെ
അറിയാത്തതുപോലെ
തൊട്ടുപോകുവതെന്തേ...
 
ഒന്നല്ല പത്തല്ല എണ്ണിയാൽത്തീരാത്ത
തിരകടന്നെത്തിയും ഝടുതിയിൽ മടങ്ങിയും
കാലം കഴിക്കവേ കാത്തിരിക്കയാ-
ണോരോനിമിഷവും
സ്വന്തമായ് ചേർത്തിടാമെന്നു കരുതിയെൻ
സ്വത്വവും താങ്ങിയിരിക്കുന്നു പിന്നെയും
തിരതേടിയലയുന്ന തീരമായിപ്പൊഴും
 

രൂപാന്തരം"പഠിക്കുന്ന കുട്ട്യോൾക്ക് പുസ്തകം ഒന്നും
വേണ്ട അവര്‍ പഠിച്ചോളും..."

എട്ടാം  ക്ലാസ്ക്കാരനിക്ക്  കനത്തിലൊരു ഉപദേശം കൊടുത്ത് അയാള്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്തു...

What's on Your Mind..?

"പാഠപുസ്തകം വൈകുന്നു... പിന്നെങ്ങനെ കുട്ടികൾ പഠിക്കും..? മന്ത്രി രാജി വെക്കുക..."

അയാള്‍ക്ക് പോസ്റ്റ് ചെയ്യാൻ കൂടുതല്‍ ആലോചന വേണ്ടി വന്നില്ല...

-OO-


ശിഹാബുദ്ദീൻ കെ

നിധികുംഭം


     കലിപൂണ്ട് നില്‍ക്കുന്ന കൊടുംകാറ്റു പോലെയായിരുന്നു അപ്പോള്‍ സുമേടത്തി. അമ്പിളിച്ചേട്ടന്‍ പോലീസ് സ്റ്റേഷനിലാണെന്നറിഞ്ഞു പാഞ്ഞു ചെന്നതായിരുന്നു ഞാന്‍.

ന്‍റെ സുമേഷേ.... ഇന്നലെ കഷ്ടകാലത്തിനു ഇവിട്യായിരുന്നു അയല്‍കൂട്ടം. കഴിഞ്ഞാഴ്ച കൂടിയശേഷം പിരിവുവന്ന നല്പ്പത്തയ്യായിരം രൂപ എല്ലാവരും ചേര്‍ന്ന് ന്‍റെ കയ്യിലാ തന്നുവിട്ടത്. ഈ ആഴ്ച ഇവ്ടല്ല്യോ... ന്നോട് സൂക്ഷിച്ചോളാന്‍ പറഞ്ഞു വിശ്വസിച്ച് എല്പ്പിച്ചതാണ്.... എന്നിട്ടിന്നലെ കാശ് സൂക്ഷിച്ചിരുന്ന ബാഗില്‍ നോക്കിയപ്പോ കാണാനില്ല. രണ്ട് ദിവസം മുന്‍പ് കൂടി അതെടുത്ത് വീണ്ടും എണ്ണിത്തിട്ടപ്പെടുത്തി തിരികെ വച്ചതാ....അതിനു ശേഷമാ കളവു പോയത്...ഈ വീട്ടില്‍ ഇനി തപ്പാന്‍ ഒരിടവും ബാക്കിയില്ല.. ഇന്നലെ അയല്‍കൂട്ടം നടന്നില്ല... അവളുമാരെല്ലാവരും കൂടി ഇന്ന് രാവിലെ ന്‍റെ പേരില്‍ ഒരു കേസ്സങ്ങടു കൊടുത്തു. രാവിലെ അദിയാന്‍ പണിക്കും  പോയി, പൊന്നു സ്കൂളിലും പോയിക്കഴിഞ്ഞപ്പോള്‍ ദേ രണ്ടു വനിതാ പോലീസ്സുകാര്‍ മുറ്റത്ത്... ഇന്ന് ഇന്നുച്ചവരെ പോലീസ് സ്റ്റേഷനിലായിരുന്നു ഞാന്‍.... പന്ത്രണ്ടുമണി കഴിഞ്ഞപ്പോള്‍  ആ നശിച്ച കാലമാടന്‍ ദേ ഓടിക്കിതച്ചു എത്ത്യേക്കുന്നു.... അങ്ങേരാ കാശെടുത്തതെന്നും പറഞ്ഞു...

എന്നിട്ട്...

എന്നിട്ടെന്താ....അങ്ങേരെ പിടിച്ചു ഉള്ളിലിട്ടു എന്നെ പോലീസ്സുകാര് പറഞ്ഞു വിട്ടു... എന്നാലും അങ്ങേരിതു എന്നോട് ചെയ്തല്ലോ സുമേഷേ....’  സുമേടത്തി നെഞ്ചത്തടിച്ചു നിലവിളിച്ചു.

ഇന്ന് വരെ ഒരഞ്ചു പൈസ്സായുടെ പോലും പേരുദോഷം കേള്പ്പിക്കത്തവളാ ഞാന്‍. നിനക്കറിയില്ലേ... എന്നിട്ടിപ്പോ ഞാന്‍ സ്നേഹിച്ചു വച്ചോണ്ടിരുന്ന ആ പണ്ടാരക്കാലന്‍ തന്നെ എനിക്കിട്ടു പണി തന്നില്ലേ.....?

എന്നാലും അമ്പിളിച്ചേട്ടന്‍ അങ്ങനെ ചെയ്യുമോ...? വിശ്വസിക്കാന്‍ പറ്റുന്നില്ല....

ചെയ്യുമെടാ ചെയ്യും... കാശിന്റെ കാര്യം വരുമ്പോള്‍ എല്ലാവന്റെയും സ്നേഹമോക്കെയങ്ങു പോകും... പോലീസ്സുകാര് ചോദിച്ചപ്പം പറയുകാ ആര്‍ക്കാണ്ട് പലിശപൈസ്സാ കൊടുക്കാന്‍ വേണ്ടി എടുത്തതാണെന്ന്... സമയത്ത് തിരികെ വയ്ക്കാന്‍ പറ്റിയില്ലെന്നു.... ഇതിയാന്‍ പലിശയ്ക്കു കാശു കടമെടുത്ത കാര്യം ആരറിഞ്ഞു.... ഒളിച്ചു വയ്ക്കാന്‍ അതിയാന്‍ അല്ലേലും പണ്ടേ വിദഗ്ദനാ....
സുമേടത്തി കണ്ണീരൊഴുകുന്ന മൂക്കത്ത് വിരല്‍ വച്ചു.

ഇറക്കാന്‍ പോകേണ്ടയോ...? എന്റെ ചോദ്യം സുമേടത്തിയെ വീണ്ടും കൊടുംകാറ്റാക്കി.

എന്തിന് അവിടെ കിടക്കട്ടെ.... എന്നോട് അല്‍പ്പമെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കില്‍ ഇത് ചെയ്യുമായിരുന്നോ...? ഞാനിപ്പോ നാട്ടാരുടെ മുന്‍പില്‍ കള്ളിയായില്ലേ.... രണ്ടെണ്ണം കൂടുതല്‍ കൊടുക്കണമെന്ന്   പരിചയമുള്ള ഒരു പോലീസ്സുകാരനോട് പറഞ്ഞിട്ടാ ഞാന്‍ പോന്നത്... മേലില്‍ ഇത്തരം പണി കാണിക്കരുത്...

അത് വേണ്ടായിരുന്നു... ഞാന്‍ വിയോജിച്ചു.
എന്നാലും എന്റെ സുമേഷേ... ഇതിയാന്‍ ഇങ്ങനെ ചെയ്യുമെന്ന് ഒരു ഊഹവുമില്ലായിരുന്നു.. വീണ്ടും സുമേടത്തി അത്ഭുതം കൂറി നിന്നു, ഞാനും.
ആ സംഭവിച്ചത് സംഭവിച്ചു. ഇനിയെങ്കിലും കാശൊക്കെ വയ്ക്കുമ്പോള്‍ ആരും കാണാത്തിടത്തു ഭദ്രമായി വയ്ക്കണം.... എന്റെ വക ഉപദേശം.

     പൊന്നു ഒരു സ്ത്രീയുടെ കൈ പിടിച്ചു ഗര്‍വ്വോടെ വീടണഞ്ഞു.
ന്‍റെ ടീച്ചറാ....... അവള്‍ ആ സ്ത്രീയുടെ കൈപിടിച്ചുയര്‍ത്തി അഭിമാനത്തോടെ പറഞ്ഞു.

ടീച്ചറെ... വാ ഇരിക്ക്..... സുമേടത്തി അങ്ങോട്ടുമിങ്ങോട്ടും പരചക്രം വച്ചു.
എന്താ ടീച്ചറെ.. പൊന്നു വല്ല കുസൃതിയും ഒപ്പിച്ചോ...? ആകെ കഷ്ടകാലത്തില്‍ നിക്കുവാ.. ഇനി ഇതിന്റെ കൂടെ കുറവേ ഉള്ളു...

അവള്‍ ക്ലാസ്സിലെ ഏറ്റവും നല്ല കുട്ടിയാ.... ടീച്ചര്‍ സന്തോഷത്തോടെ അവളെ ചേര്‍ത്തു പിടിച്ചു നിന്നു.

ഇന്നു നിങ്ങളോടു സ്കൂളിലേക്ക് വരാന്‍ പൊന്നുവിന്‍റെടുത്ത് ഇന്നലെ പറഞ്ഞു വിട്ടിരുന്നല്ലോ.... എന്താ വരാതിരുന്നത്...? അവള്‍ പറഞ്ഞില്ലേ...?

ഇല്ല.... എന്താടി നീ പറയാതിരുന്നത്........? സുമേടത്തി അമ്പിളിച്ചേട്ടനോടുള്ള  ദേഷ്യം പോന്നുവിനോട് കാട്ടി.

ഞാന്‍ മറന്നു പോയമ്മേ.... സോറി..... അവള്‍ തെല്ലു ഭയപ്പാടോടെ കിണുങ്ങി.
ങാ സാരമില്ല.... ടീച്ചര്‍ ഇടപെട്ടു. അവള്‍ കുട്ടിയല്ലേ.... ഇന്നലെ അവളുടെ ബാഗില്‍ ഇരുന്നു കുറെയധികം ക്യാഷ് കിട്ടിയിരുന്നു... അത് പ്രിന്‍സിപ്പലിന്റെ കൈയ്യില്‍ ഉണ്ട്... അത് വന്നു വാങ്ങണം.... അത് പറയാനാ ഞാന്‍ വന്നത്....

ടീച്ചര്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സുമേടത്തി ഇടിവെട്ടേറ്റു നിന്നു.
എന്താ ചേച്ചി... കാശ് വച്ച ബാഗ് മാറി പോയോ...? ഞാന്‍ അര്‍ത്ഥഗര്‍ഭമായി അവരെ നോക്കി.

പൊന്നുവിന്റെ പഴയ ഒരു സ്കൂള്‍ബാഗിലാ കാശൊക്കെ  സൂക്ഷിക്കുന്നത്..... രണ്ടു ദിവസം മുന്‍പ് എണ്ണി വച്ച വഴി മാറി പോയതാകുമോ...? ഞാനപ്പോള്‍ പൊന്നുവിനെ പഠിപ്പിക്കുകയായിരുന്നു... സുമേടത്തി തളര്‍ന്നു വരാന്തയില്‍ ഇരുന്നു.

  ഇരുട്ടുന്നതിനു മുന്‍പേ ഉള്ള നേര് തുറന്ന്‍ പറഞ്ഞു പോലീസ്സുകാരുടെ വായീന്ന് കേള്‍ക്കാനുള്ള തെറിയും കേട്ട് അമ്പിളിച്ചേട്ടനെ സ്റ്റേഷനില്‍ നിന്നിറക്കാന്‍ കഴിഞ്ഞു. വാടിയ ചെടിതണ്ട് പോലെയായിരുന്നു അയാള്‍. ഞാനയാളെ ഒരുവശം താങ്ങി സ്റ്റേഷന്‍റെ മുറ്റത്തേക്ക്‌ കൊണ്ടുവരുമ്പോള്‍, സുമേടത്തിക്ക് ഒരു കുറ്റവാളിയുടെ ഭാവമായിരുന്നു. ഓടിയെത്തി മറുവശം താങ്ങുമ്പോള്‍ സുമേടത്തി വിങ്ങിപ്പൊട്ടി.

എന്തിനാ മനുഷേനെ ഇങ്ങനൊരു കള്ളം പറഞ്ഞത്...?

അവര് നിന്നെ തല്ലാണ്ടിരിക്കാന്‍ ഞാന്‍ ആലോചിച്ചിട്ട് വേറെ വഴിയൊന്നും കിട്ടിയില്ല സുമീ..... ആക്കംകെട്ട് അയാള്‍ പുലമ്പി. സുമേടത്തി പരിസരം മറന്ന് അയാളെ ചുംബനങ്ങള്‍ക്കൊണ്ട് മൂടി. അന്ന് സുമേടത്തി വീട്ടിലേക്കു കൊണ്ട് പോയത് അമ്പിളിച്ചേട്ടനെ ആയിരുന്നില്ല, സ്നേഹം ആവോളം അടച്ചു സൂക്ഷിച്ച ഒരു നിധികുംഭമായിരുന്നു. annusones@gmail.com


എന്‍റെ Ones Heart Beats... ബ്ലോഗിലേക്ക് വരാം.
എല്ലാ പ്രോത്സാഹനങ്ങള്‍ക്കും പകരമായി  നിറഞ്ഞ സ്നേഹം തിരികെ.....!!!

ഇമ്മിണി വല്യ ഒന്നിന്റെ ഓർമ്മക്ക്

അനന്തമായ കാലത്തിന്റെ  ഏതോ ഇടത്തിലേക്ക്   മലയാളത്തിന്റെ  ഇമ്മിണി ബല്യ  ഒന്ന്   മരണത്തിന്റെ ചിറകിലേറി  പറന്ന് പോയ ദിനമാണിന്ന്.  ജൂലയ്  5 .

എത്രയോ കത്തുകൾ ഞാൻ അദ്ദേഹത്തിനയച്ചു. അതിനെല്ലാം മടക്ക തപാലിൽ തന്നെ ആ പുണ്യവാൻ  എനിക്ക് മറുപടി  അയച്ചിരുന്നു.  പലപ്പോഴും ബേപ്പൂരിലെ വയ്യാലിൽ വീട്ടിലേക്ക് എന്നെ ക്ഷണിക്കുകയും ചെയ്തു.ആദ്യമാദ്യമെല്ലാം   ഭയപ്പാടോടെ ആ കത്തിലെ ക്ഷണം   ഞാൻ  കണ്ടില്ലാ എന്ന് ഭാവിച്ചു. അവസാനം ഒരു കോടതി വെക്കേഷനിൽ എന്തും വരട്ടേയെന്ന് വിചാരിച്ച്  ബേപ്പൂരിലേക്ക് പുറപ്പെട്ട ഞാൻ രോഗത്തിന്റെ അവശതയിൽ തളർന്ന മഹാ സാഹിത്യകാരനെയാണ്  അവിടെ  കണ്ടത്.    ലോകം മുഴുവൻ എന്റെ കാൽക്കൽ എന്ന് അഹങ്കരിച്ചിരുന്ന  ഒരു  പൊങ്ങച്ചക്കാരൻ ഞാൻ  അവിടെ ചെന്ന് അൽപ്പ നേരം കഴിഞ്ഞ്    വയ്യാലിൽ വീട്ടിൽ  വന്നു.ഞാൻ ബഷീറിനെ കാണാൻ ചെന്നതിൽ   അയാൾ  എന്നെ കണക്കറ്റ് ശകാരിച്ചു,     .  എനിക്കറിയില്ലല്ലോ  ബഷീ ർ രോഗത്തിന്റെ അവശതയിലായിരുന്നെന്ന്.  എഴുതുന്ന കത്തുകളിലെല്ലാം രോഗത്തിന്റെ എണ്ണങ്ങൾ അദ്ദേഹം പറഞ്ഞ് കൊണ്ടിരുന്നതിനാൽ    അതൊരു സാധാരണ സംഭവമാണെന്ന്  ഞാൻ കരുതി പോയി.  ചാരുകസേരയിൽ കിടന്നിരുന്ന അവശനായ ബഷീർ   എന്നെ വഴക്ക്  പറഞ്ഞ അയാളെ കൈ കൊണ്ട്  വിലക്കി. പുനലൂർ രാജനെന്ന  ആ വിദ്വാൻ ബഷീർ സ്മരണകളെന്ന പേരിൽ  ബഷീറിന്റെ കുടുംബാംഗങ്ങളെ പോലും കുറ്റപ്പെടുത്തി ഒരു ലേഖന പരമ്പര  മാധ്യമം ആഴ്ച്ചപ്പതിപ്പിൽ  ബഷീറിന്റെ മരണത്തിന് ശേഷം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അഭിപ്രായമെന്ന നിലയിൽ ഞാൻ മേൽപ്പറഞ്ഞ സംഭവം ആ ആഴ്ചപ്പതിപ്പിൽ തന്നെ ബഷീർ---വേറിട്ടൊരു അനുഭവം എന്ന  പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.  ഞാൻ അവിടെ നിന്ന് തിരികെ പോന്നതിന്   ശേഷവും ബഷീർ എനിക്കെഴുതിയിരുന്നു. എന്റെ മകനെഴുതിയ കത്തിൽ  "ബാപ്പാ ഇവിടെ  വന്നപ്പോൾ ഇവിടെ  ഉണ്ടായിരുന്ന ആൾ ഒരു ഭ്രാന്തനായിരുന്നു " എന്നെഴുതി.

വർഷങ്ങൾ എത്രയോ കടന്ന് പോയി.   അദ്ദേഹം ഇപ്പോഴും അവിടെ ഉണ്ടെന്ന തോന്നലാണ്  ഇപ്പോഴും  മനസ്സിൽ. അത്  കൊണ്ട് തന്നെ ആ നല്ല മനുഷ്യന്റെ കാൽപ്പാടുകൾ പതിഞ്ഞ  ആ മണ്ണിൽ ഒന്ന് കൂടി  പോകണമെന്ന് തോന്നി  പോകുന്നു.


Followers

Contact Achukkoodam

Name

Email *

Message *

Google+ Followers